Tuesday, February 1, 2011

ആഭേരി


ഇതൊരു ഇരുപത്തി രണ്ടാമത് മേളകര്‍ത്ത രാഗമായ ഖരഹരപ്രിയയില്‍ ജന്യമായ ഔഡവ സമ്പൂര്‍ണ രാഗം ആണ്. ശുദ്ധ ധൈവതം അന്യസ്വരമായി വരുന്ന ഒരു ഭാഷംഗ രാഗം ആണ് . ഷഡ്ജം , ചതുശ്രുതി ഋഷഭം , സാധാരണ ഗാന്ധാരം , ശുദ്ധ മാധ്യമം , പഞ്ചമം, ചതുശ്രുതി ധൈവതം ,കൈശികി നിഷാദം എന്നിവയാണ് ഈ രാഗത്തില്‍ വരുന്ന സ്വരങ്ങള്‍ . 'നി' രാഗച്ഛായ സ്വരവും 'രി' ന്യാസ സ്വരവും ആണ്... ജണ്ട വരിശ , ദാട്ടു വരിശ എന്നീ പ്രയോഗങ്ങള്‍ ഈ രാഗത്തിന്റെ സൌന്ദര്യം കൂട്ടും . മാധ്യമത്തിലും ദ്രുതത്തിലും പാടിയാല്‍ മാറ്റ് കൂടുന്ന രാഗം ആണിത് .. ഭീം പ്ലാസ് (ഭീംപ്ലാസി ) ഹിന്ദുസ്ഥാനിയില്‍ ഇതിനു സമാനമായ ഒരു രാഗം ആണ്

ആരോഹണം : സഗമപമപനിസ: ( S G2 M1 P N2 S )
അവരോഹണം : സ:നിധപമഗരിസ ( S N2 D2 P M1 G2 R2 S )

ശുദ്ധധന്യാസിയുടെ ആരോഹണ ക്രമവും ഖരഹരപ്രിയയുടെ അവരോഹണ ക്രമവും ആണ് ഇതിനു.

പാഠഭേദം : നടഭൈരവിയുടെ (ഇരുപതാം മേളകര്‍ത്ത രാഗം ) ജന്യം ആണെന്നും ചതുശ്രുതി ധൈവതം അന്യസ്വരമായി വരുന്നു എന്നും പറയപ്പെടുന്നു


ത്യാഗരാജസ്വാമികളുടെ “നഗുമൊമു”, മുത്തുസ്വാമിദീക്ഷിതരുടെ “ വീണാഭേരിവേണു, കായാരോഹണേശ്വരം”, മൈസൂര്‍ വാസുദേവാചരുടെ "ഭാജരെ രേ മാനസ" , ശ്യാമശാസ്ത്രിയുടെ “നിന്നുവിനാ” എന്നിവ ഈ രാഗത്തില്‍ ഉള്ള പ്രശസ്തമായ കൃതികള്‍ ആണ് ....

ഹൃദയസരസ്സിലേ, പത്തുവെളുപ്പിനു, ഹൃദയവനിയിലെ ,കഥയിലെ രാജകുമാരനും , കോലക്കുഴല്‍ വിളി ...ഗുരുവായൂരപ്പാ ഗുരുവായൂരപ്പാ... തുടങ്ങിയവ ഈ രാഗത്തിലുള്ള സിനിമ പാട്ടുകള്‍ ആണ്.....

രാഗവിചാരം

സുഹൃത്തുക്കളെ...


ഞാന്‍ പുതിയ ഒരു ബ്ലോഗ്‌ തുടങ്ങുന്നു... രാഗവിചാരം . ചുമ്മാ രാഗങ്ങളെ കുറിച്ച് പഠിക്കാനുള്ള എന്റെ ഒരു ശ്രമം.. ഇതിനു നിങ്ങളുടെ സഹായ സഹകരണങ്ങള്‍ അത്യാവശ്യം ആണ് . കാരണം ഞാന്‍ സംഗീതം പഠിച്ചിട്ടില്ല. സംഗീതത്തിന്റെ ബാല പാഠങ്ങള്‍ പോലും എനിക്ക് അറിയില്ല നിങ്ങളുടെ സഹായ സഹകരണങ്ങള്‍ ഒന്ന് കൂടെ അഭ്യര്‍ഥിച്ചു കൊണ്ട് ഞാന്‍ ഇതാ തുടങ്ങുന്നു .. തെറ്റുകള്‍ ക്ഷമിക്കുക . തെറ്റുകള്‍ തിരുത്തുക.. കൂടുതല്‍ വിവരങ്ങള്‍ പങ്കു വയ്ക്കുക . സംഗീത ആസ്വാദകരുടെ ക്ഷമ പരീക്ഷിക്കുന്നതിനു ഒരിക്കല്‍ കൂടെ ക്ഷമ ചോദിച്ചു കൊണ്ട് ...

ദീപാ വര്‍മ . ആര്‍