Saturday, April 13, 2019

ശ്രീ രാഗം

ശ്രീ ഇരുപത്തി രണ്ടാമത് മേളകര്‍ത്ത രാഗമായ ഖരഹരപ്രിയയില്‍ ജന്യമായ  ഔഡവ വക്രസമ്പൂര്‍ണ രാഗം ആണ്.  വളരെ ശുഭകരമായ ഒരു രാഗമായി ഇത് കണക്കാക്കപ്പെടുന്നു. സുഖദായകമാണ് ഇതിന്റെ  ആലാപനം അതുകൊണ്ടു തന്നെ  വിദ്വാന്മാർക്കും രസികർക്കും ഒരുപോലെ പ്രിയമായ രാഗം ആണിത്.

ഹിന്ദുസ്ഥാനി ശ്രീ രാഗവും ആയി ഒരു ബന്ധവും ഇതിനില്ല എന്നാണ് പൊതുവെ ഒരു അഭിപ്രായ०. 

ആരോഹണ० : സ രി മ പ നി സ (S R₂ M₁ P N₂ Ṡ)
അവരോഹണം : സ നി പ ധ നി പ മ രി ഗ രി സ (Ṡ N₂ P D₂ N₂ P M₁ R₂ G₂ R₂ S)

ഈ രാഗം ഷഡ്ജം ,  ചതുശ്രുതി ഋഷഭം  , സാധാരണ ഗാന്ധാരം ,  ശുദ്ധ മാധ്യമം, പഞ്ചമം, ചതുശ്രുതി ധൈവതം ,കൈശികി നിഷാദം ഇവ ആണ് രാഗത്തിലെ സ്വരങ്ങൾ. 

മധ്യമാവതി ഇതിന്റെ ആരോഹണക്രമം ഉള്ള ഒരു ഔടവ രാഗം ആണ്.  ആലാപനം തുടങ്ങുമ്പോൾ വളരെ അധികം സാദൃശ്യം തോന്നാം. 

ശ്രീ രാഗം കരുണരസം നന്നായി അനുഭവപ്പെടുന്ന ഒരു രാഗമായി എനിക്ക് തോന്നിയിട്ടുണ്ട്.

ഒരുപാട് കൃതികൾ ഒന്നും പറയാൻ ഇല്ലെങ്കിലും ഉള്ളതെല്ലാം ജനപ്രിയങ്ങൾ ആണ്. ഏറ്റവും പ്രസിദ്ധി ആർജിച്ചതു ത്യാഗരാജരുടെ എന്തരോ മഹാനുഭാവുലു എന്ന കൃതി ആണ്. 
മുത്തുസ്വാമി ദീക്ഷിതരുടെ ശ്രീ വരലക്ഷ്മി എന്ന കൃതിയും പ്രശസ്തമാണ്. ദീക്ഷിതരുടെ  ഈ രാഗത്തിൽ  ഉള്ള മറ്റു മൂന്നു സംസ്‌കൃത കൃതികൾ ആണ് ശ്രീ മൂലാധാര ചക്ര വിനായക , ശ്രീ വിശ്വനാഥം ഭജേ , ശ്രീ കമലാംബികേ  എന്നിവ. ഭാവയാമി നന്ദകുമാരം സ്വാതിതിരുനാളിന്റെ ഈ രാഗത്തിലുള്ള കൃതി ആണ്.  അന്നമാചാര്യരുടെ വന്ദേ വാസുദേവം ,  ശ്യാമശാസ്ത്രികളുടെ കരുണ  ജുഡു നിനു നമ്മി  എന്നിവയും ഈ രാഗത്തിൽ ഉള്ള കൃതികൾ ആണ്. 

സാമി നിന്നെ കോരി എന്ന കാരൂർ ദേവുഡുഅയ്യർ  രചിച്ച ശ്രീ രാഗ വർണം പ്രസിദ്ധമാണ്. 

ഇരയിമ്മൻ തമ്പിയുടെ കരുണ ചെയ്‍വാൻ എന്തു താമസം കൃഷ്ണ എല്ലാവരും കേട്ടിട്ടുള്ള ഒരു ശ്രീ രാഗത്തിലെ കൃതി ആണ്. 

പൊതുവിൽ ശ്രീ രാഗം ഉപയോഗിച്ചുള്ള സിനിമഗാനങ്ങൾ കുറവാണ്.

മലയാളം സിനിമാഗാനങ്ങളിൽ ഇളയരാജയുടെ അല്ലിയിളം  പൂവോ (മംഗളം നേരുന്നു), രവീന്ദ്രൻ മാഷിന്റെ ശരപ്പൊളി മാലചാർത്തി (ഏപ്രിൽ 19 ), ഔസേപ്പച്ചന്റെ ഏതോ  വാർമുകിലിൻ (പൂക്കാലം വരവായി),  ജോൺസൺ മാഷിന്റെ പള്ളിത്തേരുണ്ടോ (മഴവില്‍ക്കാവടി), നീലരാവിലിന്നു നിന്റെ (കുടുംബസമേതം), പൂ വേണം പൂപ്പട വേണം (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം) ,  മോഹൻ സിതാരയുടെ മനസ്സ് ഒരു മാന്ഹരികക്കൂട് (കളിവീട് ), രാവിൻ നിലാ കായൽ (മഴവില്ല്) ,  ശരത്തിന്റെ കാളിന്ദിയിൽ തേടി നിൻ (സിന്ദൂരരേഖ) , തമിഴിൽ എ ആർ റഹ്മാന്റെ തീണ്ടായ് മെയ് തീണ്ടായ് (എൻ ശ്വാസ കാറ്റ്) ഒക്കെ ശ്രീരാഗത്തിലെ ജനപ്രിയ  ഗാനങ്ങൾ ആണ് 

കഥകളി പാദങ്ങളിൽ അജിത ഹരേ(കുചേല വൃത്തം), സോദരി മഹാരാജ്ഞി (കർണ ശപഥം), എന്നുടെ പാണിഗ്രഹണം (ദക്ഷയാഗം) എന്നിവ ഈ രാഗത്തിൽ ഉള്ളവ ആണ്.