Saturday, April 13, 2019

ശ്രീ രാഗം

ശ്രീ ഇരുപത്തി രണ്ടാമത് മേളകര്‍ത്ത രാഗമായ ഖരഹരപ്രിയയില്‍ ജന്യമായ  ഔഡവ വക്രസമ്പൂര്‍ണ രാഗം ആണ്.  വളരെ ശുഭകരമായ ഒരു രാഗമായി ഇത് കണക്കാക്കപ്പെടുന്നു. സുഖദായകമാണ് ഇതിന്റെ  ആലാപനം അതുകൊണ്ടു തന്നെ  വിദ്വാന്മാർക്കും രസികർക്കും ഒരുപോലെ പ്രിയമായ രാഗം ആണിത്.

ഹിന്ദുസ്ഥാനി ശ്രീ രാഗവും ആയി ഒരു ബന്ധവും ഇതിനില്ല എന്നാണ് പൊതുവെ ഒരു അഭിപ്രായ०. 

ആരോഹണ० : സ രി മ പ നി സ (S R₂ M₁ P N₂ Ṡ)
അവരോഹണം : സ നി പ ധ നി പ മ രി ഗ രി സ (Ṡ N₂ P D₂ N₂ P M₁ R₂ G₂ R₂ S)

ഈ രാഗം ഷഡ്ജം ,  ചതുശ്രുതി ഋഷഭം  , സാധാരണ ഗാന്ധാരം ,  ശുദ്ധ മാധ്യമം, പഞ്ചമം, ചതുശ്രുതി ധൈവതം ,കൈശികി നിഷാദം ഇവ ആണ് രാഗത്തിലെ സ്വരങ്ങൾ. 

മധ്യമാവതി ഇതിന്റെ ആരോഹണക്രമം ഉള്ള ഒരു ഔടവ രാഗം ആണ്.  ആലാപനം തുടങ്ങുമ്പോൾ വളരെ അധികം സാദൃശ്യം തോന്നാം. 

ശ്രീ രാഗം കരുണരസം നന്നായി അനുഭവപ്പെടുന്ന ഒരു രാഗമായി എനിക്ക് തോന്നിയിട്ടുണ്ട്.

ഒരുപാട് കൃതികൾ ഒന്നും പറയാൻ ഇല്ലെങ്കിലും ഉള്ളതെല്ലാം ജനപ്രിയങ്ങൾ ആണ്. ഏറ്റവും പ്രസിദ്ധി ആർജിച്ചതു ത്യാഗരാജരുടെ എന്തരോ മഹാനുഭാവുലു എന്ന കൃതി ആണ്. 
മുത്തുസ്വാമി ദീക്ഷിതരുടെ ശ്രീ വരലക്ഷ്മി എന്ന കൃതിയും പ്രശസ്തമാണ്. ദീക്ഷിതരുടെ  ഈ രാഗത്തിൽ  ഉള്ള മറ്റു മൂന്നു സംസ്‌കൃത കൃതികൾ ആണ് ശ്രീ മൂലാധാര ചക്ര വിനായക , ശ്രീ വിശ്വനാഥം ഭജേ , ശ്രീ കമലാംബികേ  എന്നിവ. ഭാവയാമി നന്ദകുമാരം സ്വാതിതിരുനാളിന്റെ ഈ രാഗത്തിലുള്ള കൃതി ആണ്.  അന്നമാചാര്യരുടെ വന്ദേ വാസുദേവം ,  ശ്യാമശാസ്ത്രികളുടെ കരുണ  ജുഡു നിനു നമ്മി  എന്നിവയും ഈ രാഗത്തിൽ ഉള്ള കൃതികൾ ആണ്. 

സാമി നിന്നെ കോരി എന്ന കാരൂർ ദേവുഡുഅയ്യർ  രചിച്ച ശ്രീ രാഗ വർണം പ്രസിദ്ധമാണ്. 

ഇരയിമ്മൻ തമ്പിയുടെ കരുണ ചെയ്‍വാൻ എന്തു താമസം കൃഷ്ണ എല്ലാവരും കേട്ടിട്ടുള്ള ഒരു ശ്രീ രാഗത്തിലെ കൃതി ആണ്. 

പൊതുവിൽ ശ്രീ രാഗം ഉപയോഗിച്ചുള്ള സിനിമഗാനങ്ങൾ കുറവാണ്.

മലയാളം സിനിമാഗാനങ്ങളിൽ ഇളയരാജയുടെ അല്ലിയിളം  പൂവോ (മംഗളം നേരുന്നു), രവീന്ദ്രൻ മാഷിന്റെ ശരപ്പൊളി മാലചാർത്തി (ഏപ്രിൽ 19 ), ഔസേപ്പച്ചന്റെ ഏതോ  വാർമുകിലിൻ (പൂക്കാലം വരവായി),  ജോൺസൺ മാഷിന്റെ പള്ളിത്തേരുണ്ടോ (മഴവില്‍ക്കാവടി), നീലരാവിലിന്നു നിന്റെ (കുടുംബസമേതം), പൂ വേണം പൂപ്പട വേണം (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം) ,  മോഹൻ സിതാരയുടെ മനസ്സ് ഒരു മാന്ഹരികക്കൂട് (കളിവീട് ), രാവിൻ നിലാ കായൽ (മഴവില്ല്) ,  ശരത്തിന്റെ കാളിന്ദിയിൽ തേടി നിൻ (സിന്ദൂരരേഖ) , തമിഴിൽ എ ആർ റഹ്മാന്റെ തീണ്ടായ് മെയ് തീണ്ടായ് (എൻ ശ്വാസ കാറ്റ്) ഒക്കെ ശ്രീരാഗത്തിലെ ജനപ്രിയ  ഗാനങ്ങൾ ആണ് 

കഥകളി പാദങ്ങളിൽ അജിത ഹരേ(കുചേല വൃത്തം), സോദരി മഹാരാജ്ഞി (കർണ ശപഥം), എന്നുടെ പാണിഗ്രഹണം (ദക്ഷയാഗം) എന്നിവ ഈ രാഗത്തിൽ ഉള്ളവ ആണ്.

Monday, May 23, 2016

ഹംസ്വധ്വനി

ഇരുപത്തി ഒൻപതാം മേളകർത്ത  രാഗമായ ശങ്കരാഭരണത്തിൽ ജന്യം ആയ ഔടവ - ഔടവ രാഗം ആണ് ഹംസ്വധ്വനി . ഷഡ്ജം  , ചതുശ്രുതി രിഷഭം ,അന്തര ഗാന്ധാരം , പഞ്ചമം ,കാകളി നിഷാദം ഇവയാണ് സ്വരങ്ങള ഈ രാഗത്തിൽ . മാധ്യമ കാലത്തിൽ വളരെ കൂടുതൽ പ്രയോഗിക്കുന്ന  രാഗം ആണ്.  മംഗളകരമായ ഒരു രാഗം ആണ്. ഹിന്ദുസ്ഥാനിയിലും ഇതേ പേര് തന്നെ ആണ് ഈ രാഗത്തിന് . ജണ്ട വരിശ , ദാട്ടു വരിശ എന്നീ പ്രയോഗങ്ങള്‍ ഈ രാഗത്തിനു  നനായി ചേരും .

      ആരോഹണം : സ രി ഗ പ നി സ ( S R2 G2 P N2 S )
      അവരോഹണം : സ നി പ ഗ രി സ ( S N2 P G2 R2 S )

      പാഠഭേദം : മാധ്യമവും ധൈവതവും ഒഴിവാക്കിയാൽ സാരംഗി, കല്യാണി , ലതാംഗി എന്നിവയില നിന്നും ജന്യം ആണെന്നും പറയാം . പാടി തുടങ്ങുമ്പോൾ കല്യാണി ആണോ എന്ന് തെറ്റിദ്ധരിക്കാം പലപ്പോഴും .

      കച്ചേരി തുടങ്ങാൻ എല്ലാവരും ഹംസധ്വനി ആണ്‌ തിരഞ്ഞെടുക്കുക മിക്കവാറും . അതുകൊണ്ട് തന്നെ കൂടുതലും ഹംസധ്വനി ഗണേശ സ്തുതികൾക്ക് മാധ്യമകാലത്തിൽ  ഉപയോഗിക്കുന്നു . കച്ചേരിയുടെ താളക്രമം ഒന്ന് കയ്യിൽ  കൊണ്ടു വരാൻ സഹായിക്കുന്നു ഈ രീതി.   ഒരുപാട് പ്രസിദ്ധം ആയ രാഗം ആണ് .

      മൂലാധാര ചക്രത്തെ ഉത്തേജിപ്പിക്കാൻ ഈ രാഗത്തിന് കഴിവുണ്ട് എന്ന് പറയപ്പെടുന്നു . പരിശുദ്ധി , നിഷ്കളംഗത്വം , ജ്ഞാനം തുടങ്ങിയവ ഉറപ്പിക്കാൻ സഹായിക്കുന്നത്രേ ഈ രാഗം. നമ്മളുടെ ശരീരത്തിലെ ഭൂമി (പഞ്ചഭൂതങ്ങളിൽ ഒന്ന് ) എന്ന അംശത്തിന്റെ ഗുണങ്ങൾ വര്ധിപ്പിക്കാൻ ഈ രാഗത്തിന് കഴിയും . അതായതു ഘ്രാണശക്തിയും ദിശാബോധവും വര്ധിക്കും .

       വൈകുന്നേരങ്ങളിൽ പാടാൻ ഉത്തമം ആണ് ഈ രാഗം .

      വളരെ പ്രശസ്തം ആയ കൃതികളെ കൊണ്ട് നിറഞ്ഞത്‌ ആണ് ഹംസ്വധ്വനി. ശ്രീ  മുത്തുസ്വാമി ദീക്ഷിതരുടെ വാതാപി ഗണപതിം , ശ്രീ  പുരന്ദര ദാസരുടെ  ഗജവദന ,ശ്രീ അന്നമാചാര്യരുടെ വന്ദേഹം ജഗത് വല്ലഭം  , ശ്രീ ത്യാഗരാജരുടെ  രഘുനായക , ശ്രീ രഘുകുല , ശ്രീ സ്വാതി തിരുനാളിന്റെ പാഹി ശ്രീ പതെ  , മുത്തയ്യ ഭാഗവതരുടെ ഗം ഗണനായകം , ശ്രീ കുപ്പയ്യാരുടെ വിനായക തുടങ്ങി ഒരുപാട് കീർത്തനങ്ങൾ .

     വെങ്കിട്ടസുബ്ബരായരുടെ ജലജാക്ഷി എന്നാ ആദി താള വർണവും രൂപക താളത്തിൽ ചിട്ടപെടുത്തിയ സ്വരജതിയും പ്രശസ്തം ആണ് .

     ജയതി ജയ രഘുവംശ ഭൂഷണ (തുളസി ദാസ് ) , കരം കി ഗതി (മീര) , ലഗൻ ബിന ലാഗ്  (കബീര് ദാസ് ) എന്നിവ ഹംസധ്വനിയിലെ ഭജനകൾ ആണ് .

    മലയാളത്തിലും തമിഴിലും പ്രസിദ്ധങ്ങൾ ആയ ഒരുപാട് ചലച്ചിത്ര ഗാനങ്ങൾ ഈ രാഗത്തിൽ ഉണ്ട് . ഇളയരാജയുടെ  ശ്രീരംഗ രംഗ നായകി  ( മഹാനദി ), റെഹ്മാന്റെ വെള്ലൈപൂക്കൾ ( കന്നത്തിൽ മുത്തമിട്ടാർ ) , ഭരദ്വാജിന്റെ  ഉന്നോട് വാഴാത ( അമര്ക്കളം ) തുടങ്ങിയവ  തമിഴിലെയും  രവീന്ദ്രന മാഷിന്റെ രാഗങ്ങളെ മോഹങ്ങളേ (താരാട്ട് ) , മനതാരിലെന്നും (കളിയില അല്പം കാര്യം ) , ശ്രീ വിനായകം (ഭരതം), സുമുഹൂര്തമായ് (കമലദളം) , ഇളയരാജയുടെ വാലിട്ടെഴുതിയ (ഒന്നാണ് നമ്മൾ ) , ദക്ഷിനമൂര്തി സ്വാമിയുടെ  ഗോപീ ചന്ദനക്കുറി  (ഫുട്ബോൾ  ചാമ്പ്യൻ ) , സലിൽ ചൌധരിയുടെ ശ്രീ പദം വിടര്ന്ന (ഏതോ  ഒരു സ്വപ്നം) ,  ശരത്തിന്റെ  മായാ മഞ്ചലിൽ (ഒറ്റയാൾ പട്ടാളം ) ,ആ രാഗം മധുരമയ (ക്ഷണക്കത്ത് )  തുടങ്ങിയവ മലയാളത്തിലെയും ഈ രാഗത്തിലെ ചലച്ചിത്ര ഗാനങ്ങൾ ആണ് .

   ഉള്ളത് ചൊന്നിതെന്നാൽ ( നളചരിതം ഒന്നാം ദിവസം ) , ഹരിഹര വിധിനുത (തോടയം ) എന്നിവ കഥകളി ലോകത്തെ ഹംസധ്വനികൾ ആണ്

Tuesday, February 1, 2011

ആഭേരി


ഇതൊരു ഇരുപത്തി രണ്ടാമത് മേളകര്‍ത്ത രാഗമായ ഖരഹരപ്രിയയില്‍ ജന്യമായ ഔഡവ സമ്പൂര്‍ണ രാഗം ആണ്. ശുദ്ധ ധൈവതം അന്യസ്വരമായി വരുന്ന ഒരു ഭാഷംഗ രാഗം ആണ് . ഷഡ്ജം , ചതുശ്രുതി ഋഷഭം , സാധാരണ ഗാന്ധാരം , ശുദ്ധ മാധ്യമം , പഞ്ചമം, ചതുശ്രുതി ധൈവതം ,കൈശികി നിഷാദം എന്നിവയാണ് ഈ രാഗത്തില്‍ വരുന്ന സ്വരങ്ങള്‍ . 'നി' രാഗച്ഛായ സ്വരവും 'രി' ന്യാസ സ്വരവും ആണ്... ജണ്ട വരിശ , ദാട്ടു വരിശ എന്നീ പ്രയോഗങ്ങള്‍ ഈ രാഗത്തിന്റെ സൌന്ദര്യം കൂട്ടും . മാധ്യമത്തിലും ദ്രുതത്തിലും പാടിയാല്‍ മാറ്റ് കൂടുന്ന രാഗം ആണിത് .. ഭീം പ്ലാസ് (ഭീംപ്ലാസി ) ഹിന്ദുസ്ഥാനിയില്‍ ഇതിനു സമാനമായ ഒരു രാഗം ആണ്

ആരോഹണം : സഗമപമപനിസ: ( S G2 M1 P N2 S )
അവരോഹണം : സ:നിധപമഗരിസ ( S N2 D2 P M1 G2 R2 S )

ശുദ്ധധന്യാസിയുടെ ആരോഹണ ക്രമവും ഖരഹരപ്രിയയുടെ അവരോഹണ ക്രമവും ആണ് ഇതിനു.

പാഠഭേദം : നടഭൈരവിയുടെ (ഇരുപതാം മേളകര്‍ത്ത രാഗം ) ജന്യം ആണെന്നും ചതുശ്രുതി ധൈവതം അന്യസ്വരമായി വരുന്നു എന്നും പറയപ്പെടുന്നു


ത്യാഗരാജസ്വാമികളുടെ “നഗുമൊമു”, മുത്തുസ്വാമിദീക്ഷിതരുടെ “ വീണാഭേരിവേണു, കായാരോഹണേശ്വരം”, മൈസൂര്‍ വാസുദേവാചരുടെ "ഭാജരെ രേ മാനസ" , ശ്യാമശാസ്ത്രിയുടെ “നിന്നുവിനാ” എന്നിവ ഈ രാഗത്തില്‍ ഉള്ള പ്രശസ്തമായ കൃതികള്‍ ആണ് ....

ഹൃദയസരസ്സിലേ, പത്തുവെളുപ്പിനു, ഹൃദയവനിയിലെ ,കഥയിലെ രാജകുമാരനും , കോലക്കുഴല്‍ വിളി ...ഗുരുവായൂരപ്പാ ഗുരുവായൂരപ്പാ... തുടങ്ങിയവ ഈ രാഗത്തിലുള്ള സിനിമ പാട്ടുകള്‍ ആണ്.....

രാഗവിചാരം

സുഹൃത്തുക്കളെ...


ഞാന്‍ പുതിയ ഒരു ബ്ലോഗ്‌ തുടങ്ങുന്നു... രാഗവിചാരം . ചുമ്മാ രാഗങ്ങളെ കുറിച്ച് പഠിക്കാനുള്ള എന്റെ ഒരു ശ്രമം.. ഇതിനു നിങ്ങളുടെ സഹായ സഹകരണങ്ങള്‍ അത്യാവശ്യം ആണ് . കാരണം ഞാന്‍ സംഗീതം പഠിച്ചിട്ടില്ല. സംഗീതത്തിന്റെ ബാല പാഠങ്ങള്‍ പോലും എനിക്ക് അറിയില്ല നിങ്ങളുടെ സഹായ സഹകരണങ്ങള്‍ ഒന്ന് കൂടെ അഭ്യര്‍ഥിച്ചു കൊണ്ട് ഞാന്‍ ഇതാ തുടങ്ങുന്നു .. തെറ്റുകള്‍ ക്ഷമിക്കുക . തെറ്റുകള്‍ തിരുത്തുക.. കൂടുതല്‍ വിവരങ്ങള്‍ പങ്കു വയ്ക്കുക . സംഗീത ആസ്വാദകരുടെ ക്ഷമ പരീക്ഷിക്കുന്നതിനു ഒരിക്കല്‍ കൂടെ ക്ഷമ ചോദിച്ചു കൊണ്ട് ...

ദീപാ വര്‍മ . ആര്‍